
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് ഉമാ തോമസ് എംഎൽഎക്ക് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് കൊച്ചിൻ കോർപ്പറേഷൻ മേയർക്കും ജിസിഡിഎ ചെയർമാനും സിറ്റി പൊലീസ് കമ്മീഷണർക്കും കോർപ്പറേഷന്റെയും ജിസിഡിഎയുടെയും സെക്രട്ടറിമാർക്കെതിരെയും കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അപകടത്തിലേക്ക് വഴിവെച്ചത് കോർപ്പറേഷന്റെയും ജിസിഡിഎയുടെയും വീഴ്ചകളാണ്. ഇപ്പോൾ ലാഘവത്തോടെയാണ് അന്വേഷണം നടക്കുന്നത്. സംഘാടകരുടെ ഉത്തരവാദിത്തമില്ലായ്മ തുറന്നുകാട്ടുന്ന ദൃശ്യങ്ങൾ പോലും പുറത്തുവന്നിരിക്കുന്നു. മുൻപ് കോൺഗ്രസ് ചൂണ്ടിക്കാട്ടിയ വീഴ്ചകൾ ദൃശ്യങ്ങളിലും വ്യക്തമാണ്. നഗരത്തിന്റെ സുരക്ഷാ ചുമതലയുള്ള കമ്മീഷണർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ, ജിസിഡിഎ ചെയർമാൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം അവർക്കെല്ലാമുണ്ട്. വിഷയം കൈവിട്ടു പോയപ്പോഴാണ് ജിസിഡിഎ ചെയർമാൻ ചന്ദ്രൻപിള്ളയും നഗരസഭ മേയറും പഴി മറ്റുള്ളവരിലേക്ക് ചാരിക്കൊണ്ട് രംഗത്തുവന്നത്. പരിപാടി ആരംഭിക്കുന്നതിന് മുൻപ് സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തുന്നതിൽ ഉൾപ്പടെ പൊലീസിന് വലിയ വീഴ്ചയാണ് സംഭവിച്ചത്. മന്ത്രിയും എംഎൽഎയും ഉൾപ്പെടെ പങ്കെടുത്ത പരിപാടിയെ ഇത്രമേൽ അലംഭാവത്തോടെ സമീപിച്ചവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Photo Courtesy - Google










